ഈ ലോകകപ്പ് ഇന്ത്യ നേടണം; പറയുന്നത് പാക് ബൗളിംഗ് ഇതിഹാസം ഷോയിബ് അക്തര്‍

single-img
7 July 2019

ഐസിസി ലോകകപ്പിലെ സെമി ലൈനപ്പ് വ്യക്തമായപ്പോള്‍ ഇത്തവണ ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാക് ബൗളിംഗ് ഇതിഹാസം ഷോയിബ് അക്തര്‍. സെമിയില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം അതിജീവിക്കാനാവില്ലെന്നും ഇത്തവണയെങ്കിലും അവര്‍ പടിക്കല്‍ കലമുടക്കില്ല എന്നാണ് പ്രതീക്ഷയെന്നും അക്തര്‍ പറഞ്ഞു.

എന്തുകൊണ്ടും ഈ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണം എന്നാണ് എന്റെ ആഗ്രഹം. അതിനാല്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ എന്റെ എല്ലാപിന്തുണയും ഇന്ത്യക്ക് തന്നെയായിരിക്കും-അക്തര്‍ പറയുന്നു. ഈ ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടേത് അസാമാന്യ ടൈമിംഗും ഷോട്ട് സെലക്ഷനുമായിരുന്നുവെന്ന് അക്തര്‍ വ്യക്തമാക്കി.

അതേപോലെ കെ എല്‍ രാഹുലും ഫോമിലേക്കെത്തിയത് ഇന്ത്യക്ക് ഗുണകരമാണ്. കേവലം നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന് ലോകകപ്പില്‍ നിന്ന് പുറത്തുപോവേണ്ടിവന്നത് ക്രൂരമാണെന്നും ന്യൂസിലന്‍ഡിനെക്കാള്‍ മികച്ച പ്രകടനം നടത്തിയത് പാകിസ്താനായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.