ചീഫ് ജസ്റ്റിസിന്റെ അടുപ്പക്കാരനെന്ന് പരാതി: അന്വേഷണസമിതിയിൽ നിന്നും ജസ്റ്റിസ് രമണ പിന്മാറി

single-img
25 April 2019

ചീഫ് ജസ്റ്റിസ് രഞ്ജൻ‌ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്ന സുപ്രീം കോടതിയിലെ സമിതിയിൽനിന്ന് ജസ്റ്റിസ് എൻ.വി. രമണ പിൻമാറി. സമിതിയുടെ ഘടനയിൽ വിയോജിച്ച് പരാതിക്കാരി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കുടുംബസുഹൃത്താണ് ജസ്റ്റിസ് രമണ . അതുകൊണ്ടുതന്നെ, സത്യവാങ്മൂലത്തിനും തെളിവുകൾക്കും പരിഗണന ലഭിക്കുമോയെന്ന ആശങ്കയുണ്ടെന്നായിരുന്നു കത്തിലെ പരാതി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കുന്നതിന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എകെ പട്നായിക് ആണ് നേതൃത്വം നല്‍കുന്നത്. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണമാണ് നടക്കുക.

കോടതിയുടെ തീരുമാനപ്രകാരം ചൊവ്വാഴ്ചയാണു സമിതി രൂപീകരിച്ചത്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആണ് സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്. ബോബ്‍ഡെ തലവനായ സമിതിയിൽ ഇന്ദിരാ ബാനർജിയാണ് മൂന്നാമത്തെ അംഗം. സീനിയോറിറ്റിയിൽ താൻ കഴിഞ്ഞാൽ ജസ്റ്റിസ് രമണയായതിനാലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ബോബ്‍‍ഡെ അറിയിച്ചിട്ടുണ്ട്.

വനിതാ ജ‍‍ഡ്ജി ആയതിനാലാണ് ഇന്ദിരാ ബാനർജിയെ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിശാഖാ കേസിലെ വിധിയനുസരിച്ചു വനിതകൾക്കു ഭൂരിപക്ഷമുള്ള സമിതിയാണു പീഡനപരാതികൾ പരിഗണിക്കേണ്ടതെന്നും പരാതിക്കാരി കത്തിൽ നിലപാട് അറിയിച്ചു. 3 പേരുടെ സമിതിയിൽ ഒരു വനിത മാത്രമാണുള്ളത്. കഴിഞ്ഞ 20ന് കോടതിയിൽ ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും നടത്തിയ പരാമർശങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും പരാതിക്കാരി അറിയിച്ചിരുന്നു.