വർഗീയ വിദ്വേഷം പടർത്തുന്ന പ്രസ്താവന; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം, കാസർഗോഡ് ജില്ലകളിലെ ജനപ്രതിനിധികളെയും വോട്ടർമാരെയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.മന്ത്രിയുടെ പ്രസ്താവന വർഗീയ വിദ്വേഷം പടർത്തുന്നതാണെന്നും ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.
യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നതിനിടെയാണ് സജി ചെറിയാൻ മലപ്പുറത്തെയും കാസർഗോഡിനെയും പരാമർശിച്ചത്.മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്കിയാല്‍ ആ സമുദായത്തില്‍ അല്ലാത്തവർ ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാലും ജയിക്കില്ല എന്ന് കാണാമെന്നും, കാസർഗോഡ് നഗരസഭ ഫലം പരിശോധിച്ചാലും ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സമുദായത്തിന് ഭൂരിപക്ഷമുണ്ടോ അവരേ ജയിക്കൂ, കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശുമാക്കാൻ ആരും നില്‍ക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മലപ്പുറത്തെയും കാസർഗോട്ടെയും ജനപ്രതിനിധികളെക്കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം മേഖലകളില്‍ മുസ്‌ലിം ലീഗും ഹിന്ദു മേഖലകളില്‍ ബിജെപിയും വോട്ടർമാരെ നയിക്കുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകരുത് എന്നാണ് താൻ ഉദ്ദേശിച്ചത്. കേരളം ഉത്തർപ്രദേശോ മധ്യപ്രദേശോ ആയി മാറരുത് എന്ന ആഗ്രഹമാണ് താൻ പങ്കുവെച്ചത്.കാസർഗോഡ് നഗരസഭയില്‍ മതേതരത്വം പറയുന്ന ഇടതുപക്ഷത്തിന് ഒരു സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും മാത്രമാണ് ലഭിച്ചത്. എന്നാല്‍ വർഗീയത പറയുന്ന ബിജെപി 12 സീറ്റും ലീഗ് 22 സീറ്റും നേടി.
ഈ അവസ്ഥ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കരുത് എന്നാണ് താൻ പറഞ്ഞത്.ആർഎസ്‌എസ് ഉയർത്തുന്ന തീവ്ര വർഗീയതയെ പ്രതിരോധിക്കാൻ ന്യൂനപക്ഷ വർഗീയതയ്ക്ക് കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെയാണ് ശക്തിപ്പെടുത്തേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ എന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും ഇടതുഭരണത്തില്‍ വർഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗ് വിജയിച്ചത് വർഗീയ വോട്ടുകള്‍ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്. താൻ പറഞ്ഞത് വസ്തുതകളാണെന്നും ജനപ്രതിനിധികളുടെ പേരുകള്‍ വായിക്കാൻ പറഞ്ഞത് ആർക്കും പരിശോധിക്കാവുന്ന കാര്യമായതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.


