ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചാൽ മതി: രമേശ് ചെന്നിത്തല

single-img
16 December 2025

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫിന്റെ പ്രസ്താവനയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും തങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങളാണ് തെറ്റുപറ്റിയതെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അങ്ങനെ പറയുന്നത് തുടർന്നാൽ നല്ലതാണെന്നും, ഇത്ര വലിയ പരാജയത്തിന് ശേഷം പോലും സ്വയം വിമർശനം നടത്താൻ തയ്യാറാകാത്ത പാർട്ടിയെക്കുറിച്ച് ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു. കൂടുതൽ തിരിച്ചടികളാണ് ഇടതുമുന്നണിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമുള്ള സാഹചര്യത്തിൽ സിപിഐഎമ്മിന്റെ ഭാവി എന്താകുമെന്ന് ജനങ്ങൾ തന്നെ ചിന്തിക്കട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അവർ അനുഭവിച്ച ദുരിതങ്ങളാണ് ഇടതുമുന്നണിക്കെതിരായ വോട്ടായി മാറിയതെന്നും, അത് തിരിച്ചറിയാൻ കഴിയാതെ “ഞങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയത്” എന്ന നിലപാട് സ്വീകരിക്കുന്ന മുന്നണിയെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം)യുടെ മുന്നണി പ്രവേശനത്തെക്കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. മറ്റൊരു മുന്നണിയിൽ നിൽക്കുന്ന കക്ഷിയെ യു.ഡി.എഫിൽ ഉൾപ്പെടുത്തുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും, എന്നാൽ മുന്നണി വിപുലീകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തോട് എതിർപ്പുള്ളതും ജനാധിപത്യ മൂല്യങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നതുമായ ആളുകളും സംഘടനകളും യു.ഡി.എഫിനൊപ്പം വരുമെന്നും ചെന്നിത്തല പറഞ്ഞു.

ഇനിയും കൂടുതൽ പേർ ബിജെപിയിലും എൽഡിഎഫിലും നിന്ന് യു.ഡി.എഫിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും, ജനപിന്തുണ വർധിപ്പിക്കുകയാണ് യു.ഡി.എഫിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കക്ഷികൾ മുന്നണിയിൽ വരുകയോ പുറത്തുപോകുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ അവരവർ ചേർന്ന് എടുക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.