കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ വി.ഡി. സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച്‌ ബിജെപി സര്‍ക്കാര്‍

single-img
19 December 2022

ബെംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ വി.ഡി. സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച്‌ ബിജെപി സര്‍ക്കാര്‍.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. അതേസമയം, വി.ഡി. സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സവര്‍ക്കറുടെ ചിത്രം നിയമസഭയില്‍ ഉയര്‍ത്തുന്നതെന്നും ആരോപണമുയര്‍ന്നു.

സവര്‍ക്കറിനെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. ബെലഗാവി നിയമസഭാ മന്ദിരത്തിലാണ് ചിത്രം സ്ഥാപിച്ചത്. മഹാത്മാ ഗാന്ധി, ബിആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സ്വാമി വിവേകാനനന്ദന്‍, ബസവണ്ണ, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളും അനാഛാദനം ചെയ്തു. കര്‍ണാടക നിയമസഭ ശൈത്യകാല സമ്മേളനം ബെലഗാവി മന്ദിരത്തിലാണ് ചേരുന്നത്.

കര്‍ണാടകയും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയുമായും സവര്‍ക്കറിന് ബന്ധമുണ്ട്. 1950ല്‍ ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയിലില്‍ സവര്‍ക്കര്‍ നാലു മാസത്തോളം കരുതല്‍ തടങ്കലിലായിരുന്നു. അന്ന് മുംബൈയില്‍ വച്ചാണ് അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചത്, ബെലഗാവിയില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ദില്ലി സന്ദര്‍ശനത്തിനെതിരെയുള്ള പ്രതിഷേധം തടയാനാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. കുടുംബാംഗങ്ങള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സവര്‍ക്കറെ വിട്ടയച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അന്ന് അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ അവസാന ശീതകാല സമ്മേളനത്തിന്റെ വേദി കൂടിയാണ് ബെലഗാവി