ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി; കെസി വേണുഗോപാൽ
ദില്ലി: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിനെ ഏക സിവിൽ കോഡ് വിഷയത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് സി പി എം ശ്രമിക്കുന്നത്. ഏക സിവിൽ കോഡിനെ ഹിന്ദു മുസ്ലീം പോരാട്ടമാക്കി മാറ്റുകയാണ് സിപിഎം. ഉത്തരേന്ത്യയിലെയും, കർണ്ണാടകത്തിലെയും കോൺഗ്രസിന്റെ മുന്നേറ്റം കേരളത്തിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. മുസ്ലീം ലീഗിന്റെയും, മുസ്ലീം സമുദായത്തിന്റെയും ആശങ്ക മുഖവിലക്കെടുത്തേ ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് മുൻപോട്ട് പോകൂ. കോൺഗ്രസ് ഈ വിഷയത്തിൽ പാർലമെൻറിൽ നിലപാട് അറിയിക്കും. ഏക സിവിൽ കോഡ് അപ്രായോഗികമെന്ന മുൻ ലോ കമ്മീഷൻ നിഗമനങ്ങൾക്കൊപ്പമാണ് കോൺഗ്രസെന്നും കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യൂണിഫോം സിവിൽ കോഡിൽ ലീഗുമായി ചേരാൻ സി പി എമ്മിനാകില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. എം വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോയെന്ന് ചോദിച്ച സുധാകരൻ, എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദൻ ലീഗിന്റെ കാര്യം പറയുന്നതെന്നും ചോദിച്ചു. എംവി ഗോവിന്ദൻ മറുപടി അർഹിക്കുന്നില്ല. യൂണിഫോം സിവിൽ കോഡിൽ എഐസിസി നിലപാട് കാത്തിരിക്കുകയാണെന്നും സുധാകരൻ വ്യക്തമാക്കി.