ആലപ്പുഴയിലെ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സാപ് ഗ്രൂപ്പുണ്ടാക്കി; ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ?

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിർണായക നീക്കങ്ങളുമായി ജി. സുധാകരൻ. ആലപ്പുഴയിലെ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സാപ് ഗ്രൂപ്പുണ്ടാക്കി. അമ്പലപ്പുഴ മണ്ഡലത്തിലെ അടുപ്പമുള്ള പ്രാദേശിക സിപിഐഎം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടും പിന്തുണ തേടി. നാളെ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും.
സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെയാണ് സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്നും സജീവ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്നും ജി. സുധാകരൻ നിലപാട് വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷമായി കടുത്ത അവഗണന നേരിടുന്നുവെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കിയത്.
ജില്ലാ സെക്രട്ടറി ആർ. നാസറിനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുധാകരൻ ഉയർത്തിയത്. പാർട്ടിയിൽ പലതലത്തിൽ താൻ അപമാനിക്കപ്പെട്ടെന്ന് വൈകാരികമായായിരുന്നു സുധാകരൻ്റെ കുറിപ്പ്. അഞ്ച് വർഷമായി പൊതു പരിപാടികളിൽ ഒന്നും പാർട്ടി സഹകരിപ്പിക്കുന്നില്ല. അർഹിക്കുന്ന ഒരു പരിണനയും നൽകിയില്ല. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു സുധാകരൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. സുധാകരൻ അതൃപ്തി അറിയിച്ചതിന് പിന്നാലെ എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.


