ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ? ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

single-img
15 June 2023

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും. 

മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോർട്ട്‌ വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോർഡ്‌ രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം. 17 മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷം, ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രിയായ ബാലാജിയെ ഇ‍ഡി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. മന്ത്രിയുടെ ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്ക്‌ കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോർട്ട്‌ ആശുപത്രി പുറത്ത് വിട്ടിരുന്നു.

അതിനിടെ, സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മോദി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു. ജനാധിപത്യത്തിനും ഫെഡറിലസത്തിനും എതിരായ ആക്രമണം ഒന്നിച്ച് പ്രതിരോധിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.