തൊടുപുഴയില്‍ പിജെ ജോസഫിന്‍റെ ‘അനന്തരാവകാശി’യായി അപു ജോണ്‍ ജോസഫ് വാഴുമോ വീഴുമോ ?; സിറിയക് ചാഴികാടന് അട്ടിമറി നേട്ടമുണ്ടാകുമോ

single-img
7 April 2026

കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് വിരമിച്ച ഒഴിവില്‍ അനന്തരാവകാശിയായി മകന്‍ അപു ജോണ്‍ ജോസഫ് മല്‍സരത്തിനിറങ്ങിയതോടെ ശ്രദ്ധേയമായ മണ്ഡലമാണ് തൊടുപുഴ. തൊടുപുഴയില്‍ ജോസഫിന്‍റെ അനന്തരാവകാശിയായി ഇനിയുള്ള കാലം അപു ജോസഫ് വാഴുമോ വീഴുമോ ? എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കേരള കോണ്‍ഗ്രസ് എം പ്രതിനിധിയും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റുമായ സിറിയക് കാഴികാടനാണ് ഇവിടെ അപുവിന്‍റെ പ്രധാന എതിരാളി. ആ പോരില്‍ ആര് തൂക്കും, ആര് തോല്‍ക്കും എന്നത് കൗതുകം തന്നെ.

പ്രചരണത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ അപുവിനായിരുന്നു വ്യക്തമായ മുന്‍തൂക്കം. എന്നാല്‍ മൂന്നാം ഘട്ടം മുതല്‍ സിറിയക് ചാഴികാടന്‍ കടുത്ത പോര്‍വിളിയുമായി മുന്നേറ്റം നടത്തിയത് യുഡിഎഫിനെ ഞെട്ടിച്ചു. തൊടുപുഴയിലെ പ്രധാന സ്വതന്ത്ര സംഘടനകളെല്ലാം അപു ജോസഫിനെതിരായതാണ് വെല്ലുവിളിയായത്. അതിനൊപ്പം സമുദായ സംഘടനകള്‍കൂടി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ മല്‍സരം കടുത്തതായി.

സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും പി.ജെ ജോസഫിനോടുള്ള ജനങ്ങളുടെ താല്‍പര്യവുമാണ് അപുവിന്‍റെ പ്രതീക്ഷ. എന്നാല്‍ വിദ്യാഭ്യാസ യോഗ്യതയും പ്രൊഫഷണല്‍ മികവും യുവത്വവുമാണ് സിറിയക് ചാഴികാടന് മുതല്‍ക്കൂട്ട്. പ്രചരണത്തിന്‍റെ ആദ്യഘട്ടത്തില്‍ വീണ്ടുവിചാരമില്ലാതെ യുഡിഎഫ് കേന്ദ്രങ്ങള്‍ സിറിയക്കിനെതിരെ അഴിച്ചുവിട്ട ആയുധങ്ങളെല്ലാം പിന്നീടവര്‍ക്ക് വിനയായതാണ് പ്രധാന തിരിച്ചടി.

അതിനിടെ, യുഡിഎഫിലെ അന്തഛിദ്രങ്ങളും അപുവിന് തിരിച്ചടിയായി. കാലകാലങ്ങളിലേയ്ക്ക് തൊടുപുഴ സീറ്റ് നാട്ടില്‍ പ്രവര്‍ത്തക പങ്കാളിത്തമില്ലാത്ത ഒരു കടലാസ് പാര്‍ട്ടിക്ക് തീറെഴുതി കൊടുക്കേണ്ടി വരുന്നതില്‍ തൊടുപുഴയിലെ കോണ്‍ഗ്രസ്, ലീഗ് അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്.

മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ ജോസഫിനെ അംഗീകരിക്കാന്‍ തൊടുപുഴക്കാര്‍ക്ക് വിമുഖത ഇല്ലായിരുന്നു. 1970 മുതല്‍ ഇടയ്ക്ക് പി.ടി തോമസിനോട് തോറ്റ കാലമൊഴികെ പി.ജെ ആയിരുന്നു തൊടുപുഴയുടെ നായകന്‍. ആ കാലം മുതല്‍ ജോസഫിനുവേണ്ടി ചുമരെഴുതാനും പോസ്റ്റര്‍ പതിക്കാനുമായിരുന്നു കോണ്‍ഗ്രസിന്‍റെ വിധി. അദ്ദേഹത്തിനു ശേഷം തൊടുപുഴ കോണ്‍ഗ്രസിനെന്ന് കരുതിയിരിക്കുമ്പോഴാണ് വിദേശത്ത് ജോലിക്കുപോയ മകന്‍ മടങ്ങിയെത്തി രാഷ്ട്രീയത്തിലിറങ്ങി ഇപ്പോള്‍ ‘അനന്തരാവകാശി’യായി ഇറങ്ങിയിരിക്കുന്നത്.

അപു ജോസഫ് വിജയിച്ചാല്‍ ഇനിയൊരു 30 വര്‍ഷം കൂടി തൊടുപുഴയിലെ കോണ്‍ഗ്രസുകാര്‍ക്ക് ഭാവിയില്ലെന്ന തിരിച്ചറിവാണ് നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്. അതിനിടെ ഇടുക്കി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ അവിടെ ആരെ മല്‍സരിപ്പിക്കരുത് എന്ന ഡിമാന്‍റ് ജോസഫ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചു എന്ന വാര്‍ത്ത പുറത്തായതും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചു.

ജോയി വെട്ടിക്കുഴിയെ ഇടുക്കിയില്‍ മല്‍സരിപ്പിക്കരുതെന്നായിരുന്നു ജോസഫിന്‍റെ ആവശ്യം. പകരം കെഎസ്‌യു പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറെ ജോസഫ് നിര്‍ദേശിച്ചു. എന്നാല്‍ ജോയിക്ക് സീറ്റ് നല്‍കിയില്ലെങ്കിലും പകരം റോയ് കെ പൗലോസിനെയാണ് കോണ്‍ഗ്രസ് പരിഗണിച്ചത്.

ഇടുക്കിയില്‍ 100 പ്രവര്‍ത്തകര്‍ പോലുമില്ലാത്ത പാര്‍ട്ടിയുടെ നേതാവ് ജില്ലയിലെ ഒന്നാം പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങളെത്തിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതെല്ലാം തൊടുപുഴയിലെ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്ന് തീര്‍ച്ച.

അതിനിടെ, ഒരു തവണകൂടി പി.ജെ ജോസഫ് മല്‍സരിക്കണമെന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റെയും ആവശ്യം. ജോസഫിനും അദ്ദേഹത്തിന്‍റെ മറ്റ് രണ്ട് മക്കള്‍ക്കും ഈ ആഗ്രഹം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടിയിലെ അട്ടിമറി നീക്കത്തിലൂടെയാണ് ജോസഫ് വിരമിക്കുകയും അപു സ്ഥാനാര്‍ഥി ആകുകയും ചെയ്തത്. ഇതോടെ പി.ജെ ജോസഫിന്‍റെ മറ്റ് കുടുംബാംഗങ്ങള്‍ പ്രചരണ രംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

പി.ജെ ജോസഫിന്‍റെ അനന്തരാവകാശി തര്‍ക്കം കുറെ കാലമായി തുടരുകയായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഭാര്യയുടെ മരണശേഷം പോലും പുറപ്പുഴയിലെ വീട്ടില്‍ പി.ജെ ജോസഫും ജോലിക്കാരുമായി ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അപുവും കുടുംബവും തൊടുപുഴയിലെ ഫ്ലാറ്റിലായിരുന്നു താമസമെന്നതും പ്രചരണ രംഗത്ത് പതിയെ കേള്‍ക്കുന്ന പിന്നാമ്പുറ സംസാരങ്ങളില്‍ പെടുന്നു. എന്തായാലും ആരു വിജയിക്കും എന്നറിയാന്‍ മെയ് 4 വരെ കാത്തിരിക്കേണ്ടി വരും.