നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്

single-img
26 April 2026

തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒൻപത് വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹിതരായ അൽമ (33)യും വിഷ്ണുനാഥ് (36)നും മക്കളില്ലായിരുന്നു. പി.എസ്.സി ട്രെയിനിങ് സെന്ററിൽ അധ്യാപകനായിരുന്നു വിഷ്ണുനാഥ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. അൽമയ്ക്ക് കുത്തേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്. സംഭവസമയം വീട്ടിൽ നിന്ന് ബഹളങ്ങളൊന്നും കേട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കൊലപാതകത്തിന് പിന്നാലെ വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. അന്ന് വീട്ടിൽ വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹോദരൻ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പാറശ്ശാല പൊലീസ് സ്ഥലത്തെത്തി. മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കിടന്ന അൽമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ വിഷ്ണുനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷ്ണുനാഥിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.