ആരാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന ഇടനിലക്കാരന്‍ വിജേഷ് പിള്ള?


നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച വിജേഷ് പിള്ള ആരാണ് എന്ന് അറിയാനുള്ള ഓട്ടത്തിലാണ് കേരളം. വിജേഷ് പിള്ളയെ നാട്ടിൽ അറിയപ്പെടുന്നത് വിജേഷ് കൊയിലേത്ത് എന്ന പേരിലാണ്. ആന്തൂർ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്തായിരുന്നു താമസം. എം.വി.ഗോവിന്ദന്റെ മൊറാഴയിലെ വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയാണു വിജേഷിന്റെ കുടുംബവീട്. അച്ഛൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്.
വിജേഷ് പിളളക്ക് വീടുമായി അധികം ബന്ധമില്ലെന്ന് ബന്ധുക്കൾ പറയുന്നത്. വിജേഷ് പിളളക്ക് നാട്ടിൽ സിപിഎമ്മുമായി കാര്യമായ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്നാണു ബന്ധുക്കൾ അവകാശപ്പെടുന്നത്. കളമശ്ശേരി ചങ്ങമ്പുഴനഗറിലെ ‘ഡബ്ല്യു.ജി.എൻ. ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് നിലവിൽ വിജേഷ് പിള്ള.
കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവർത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് ഇടപ്പള്ളിയിലെ കെട്ടിടം ഉടമ ജാക്സൺ മാത്യു പറഞ്ഞു. ഒരുലക്ഷത്തോളം രൂപ വാടകയിനത്തിൽ ലഭിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാടക കുടിശ്ശികയ്ക്കായി വിജേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യുജിഎൻ പ്രൊഡക്‌ഷൻസ് എന്ന പേരിൽ മലയാള സിനിമാ നിർമാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് ഒരു രാഷ്ട്രീയക്കാരൻ വിജേഷിനെ അന്വേഷിച്ചെത്തി. മണിച്ചെയിൻ ബിസിനസാണ് അയാൾ നടത്തിയിരുന്നതെന്ന് ആ രാഷ്ട്രീയക്കാരൻ പറഞ്ഞതായും കെട്ടിടയുടമ പറയുന്നു.