കേരളത്തിൽ സർക്കാർ ധൂര്‍ത്തെന്ന് പറയാന്‍ എന്ത് അധികാരമാണ് ഗവര്‍ണര്‍ക്കുള്ളത്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
5 November 2023

കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് കാണിക്കുന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . സംസ്ഥാനത്ത് ധൂര്‍ത്തെന്ന് പറയാന്‍ എന്ത് അധികാരമാണ് ഗവര്‍ണര്‍ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഭരണഘടനാപരമായ കാര്യങ്ങള്‍ പോലും കൃത്യമായി ചെയ്യാത്ത ആളുടെ വാക്കിന് മറുപടി പറയുന്നില്ല. മുഖ്യമന്ത്രി പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനയ്ക്ക് അനുസരിച്ചാണ്. അല്ലാതെ ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെയല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുകയാണ് സര്‍ക്കാരെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെന്‍ഷന്‍ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.