വിഴിഞ്ഞം സമരം: ആർച്ചു ബിഷപ്പിനെതിരെ വീണ്ടും കേസ്

single-img
1 December 2022

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു ലത്തീൻ അതിരൂപത ആർച്ചു ബിഷപ്പിനെതിരെ വീണ്ടും രണ്ടു കേസുകൾ കൂടെ രജിസ്റ്റർ ചെയ്തു. ലത്തീൻ അതിരൂപത ആർച്ചു ബിഷപ്പ് തോമസ് ജെ നെറ്റൊക്കെതിരെയാണ് വിഴിഞ്ഞം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതെ സമയം ഇന്ന് രാവിലെ ലത്തീൻ സഭയുടെ നേതിര്ത്വത്തിലുള്ള സമര സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. വിഴിഞ്ഞം സംഘർഷത്തിലൂടെ നാടിന്റെ സ്വൈര്യം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞത്ത് സ്റ്റേഷന്‍ ആക്രമണവും സംഘര്‍ഷവും പോലീസ് സംയമനത്തോടെ കൈകാര്യം ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. കേരള പൊലീസ് അക്കാദമിയുടെ 109 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ് അഭിവാദം ചെയ്തുകൊണ്ട് ഓണ്‍ലൈനായി സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വ്യക്തമായ ഗൂഢ ലക്ഷ്യത്തോടെയായിരുന്നു വിഴിഞ്ഞത്തെ ആക്രമണം. പോലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഭീഷണി വന്നു. ഭീഷണി മാത്രമായിരുന്നില്ല, വ്യാപക ആക്രമണവും നടന്നു. അക്രമികള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പോലീസ് തിരിച്ചറിഞ്ഞു.” – മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച വിധത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാന്‍ സഹായകമായത്. അതിനാല്‍ തന്നെ സേനയെ അഭിനന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാല്‍ അറിയാവുന്ന 700 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.