ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുത്; കാണാതായവർക്കായി രണ്ട് ദിവസം കൂടി തെരച്ചിൽ തുടരും: മന്ത്രി കെ രാജൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത പ്രദേശത്ത് നിലവിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ രാജൻ. ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുതെന്നും കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
നിലവിൽ 379 പേർക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം കൊടുത്തു. ബാക്കിയുള്ളവർക്ക് കൂടുതൽ വൈകാതെ നൽകുമെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിൽ കാണാതായവർക്കു വേണ്ടി രണ്ട് ദിവസം കൂടി തെരച്ചിൽ തുടരുമെന്നും ക്യാമ്പുകളിലുള്ളവരുടെ എണ്ണം പതിയെ കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതോടൊപ്പം തന്നെ പിന്തുടർച്ചാ സർട്ടിഫിക്കറ്റിനായുള്ള ചട്ടങ്ങളിൽ ഇളവ് കിട്ടും. ഇതിനുള്ള ഉത്തരവ് ഇന്നു തന്നെ കിട്ടും. കാണാതായവരെ തിരിച്ചറിയാൻ ഡിഎൻഎ ക്രോസ് മാച്ച് തുടങ്ങിയിട്ടുണ്ട്. 495 കുടുംബങ്ങൾ മാത്രമേ ക്യാമ്പിൽ ഇപ്പോൾ ഉള്ളൂ. 1350 പേര് മാത്രമാണ് ക്യാമ്പിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.