വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ തിരിച്ചടി; സെമിയില്‍ പരാജയം

single-img
30 May 2026

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗുസ്തി ഗോദയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ തിരിച്ചടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് 6-4 എന്ന സ്‌കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ 2026 ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഇടം നേടാമെന്ന വിനേഷിന്റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റു.

പാരിസ് ഒളിമ്പിക്‌സിന് ശേഷമുള്ള വിനേഷിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ ശക്തമായ തുടക്കമാണ് താരം കുറിച്ചത്. റൗണ്ട് ഓഫ് 16-ല്‍ ജ്യോതിയെ 7-1 എന്ന സ്‌കോറിന് തകര്‍ത്താണ് വിനേഷ് ക്വാര്‍ട്ടറിലെത്തിയത്. നിഷുവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. തുടക്കത്തില്‍ 0-5 ന് പിന്നിലായിരുന്ന വിനേഷ്, പിന്നീട് അതിശക്തമായി തിരിച്ചുവന്നു. പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട് റഫറിമാരുമായി തര്‍ക്കമുണ്ടായെങ്കിലും, വിനേഷ് നല്‍കിയ റിവ്യൂ ചലഞ്ച് അനുകൂലമായതോടെ 6-5 ന് ലീഡ് സ്വന്തമാക്കി.

ഇതിനിടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വിനേഷിന്റെ ഭര്‍ത്താവ് സോംവീര്‍ രതി കോര്‍ട്ടിലേക്ക് പ്രവേശിച്ചത് ചെറിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സിംഗുമായി വിനേഷിന്റെ ക്യാമ്പ് വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു.

ഒടുവില്‍ 7-6 എന്ന സ്‌കോറിന് നിഷുവിനെ മറികടന്ന് സെമിഫൈനലിലേക്ക് യോഗ്യത നേടാന്‍ വിനേഷിനായി. സെമിഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തളരാന്‍ വിനേഷ് തയ്യാറല്ല. മത്സരം അവസാനിച്ച ശേഷം സദസ്സിലുണ്ടായിരുന്നവരുടെ കൈയടി ഏറ്റുവാങ്ങിയ വിനേഷ്, “ഞാന്‍ വീണ്ടും തിരിച്ചുവരും” എന്ന് ഉറപ്പിച്ചു പറഞ്ഞു.