വിനായകനെ ചോദ്യം ചെയ്തു;മൊബൈൽ ഫോൺ നിർണായക തെളിവായി പോലീസ് പിടിച്ചെടുത്തു

single-img
22 July 2023

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. പിന്നാലെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു.

എറണാകുളം കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു.

താൻ പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഒരു ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിന്റെ വിലാപയാത്രക്കിടെയാണ് നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്.

സംഭവത്തിൽ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.