ലൈഫ് മിഷന്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാന്‍;മുഖ്യമന്ത്രി അയച്ച കത്ത് സഭയില്‍ വായിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

single-img
28 February 2023

ലൈഫ് മിഷന്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയില്‍ വായിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സിബിഐയും ഇഡിയും കൊള്ളരുതാത്തവര്‍ എങ്കില്‍ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശന്‍ ‘എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്’ എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലന്‍സ് അന്വേഷിക്കും. സിബിഐ വരാതിരിക്കാന്‍ ആണ് മനപ്പൂര്‍വ്വം വിജിലന്‍സിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൂടി പങ്കളിത്തം ഉള്ള ലോക്കറില്‍ നിന്നാണ് 63 ലക്ഷം കണ്ടെടുത്തത്. 9.25 കോടി ആണ് ഈ കോഴ. ലൈഫ് മിഷനില്‍ കോഴ നടന്നു എന്ന് മുന്‍പ് തോമസ് ഐസക്കും എ കെ ബാലനും പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ കോഴ ഇന്ത്യയില്‍ വേറെ വന്നിട്ടില്ല. എന്തിന് ബിഹാറില്‍ പോലും നടന്നിട്ടില്ല. ലൈഫ് മിഷന്‍ കോഴയില്‍ സര്‍ക്കാരിന് പങ്കില്ല എങ്കില്‍ എന്തുകൊണ്ട് സിബിഐയെ എതിര്‍ക്കുന്നുവെന്നും സതീശന്‍ ചോദിച്ചു.

പഴയ വീഞ്ഞ് തന്നെയാണ് വീണ്ടും ഇറക്കുന്നത്. പഴയ ശിവശങ്കര്‍ വീണ്ടും അറസ്റ്റിലാകുന്നു. തങ്ങള്‍ക്ക് ഈ കേസിലെ മദനകാമ രാജന്‍ കഥകളോട് താല്‍പര്യം ഇല്ല. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച്‌ ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞ കഥകള്‍ ഓര്‍ക്കണം. കേരളത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ യുഎഇ കോണ്‍സുലേറ്റ് ക്വട്ടേഷന്‍ വിളിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ലൈഫ് മിഷന്‍ ചെയര്‍മാന്‍ ആണ് മുഖ്യമന്ത്രി. വാട്സ് ആപ് ചാറ്റ് പുറത്തു വരുമ്ബോള്‍ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകും. റിമാന്‍ഡ് റിപോര്‍ട്ടിനെ കുറിച്ച്‌ മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ? എന്നും സതീശന്‍ ചോദിച്ചു.

ഇഡി മൂന്നു കൊല്ലം എവിടെ പോയിരുന്നുവെന്നും സതീശന്‍ പരിഹസിച്ചു. എന്നിട്ട് ഇപ്പോള്‍ ഇപ്പൊള്‍ പാല്‍ക്കുപ്പിയുമയി വന്നിരിക്കുന്നു. മന്ത്രി കൗശലം കാണിച്ചുവെന്നും വിഷയത്തിലേക്ക് കടന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ലൈഫ് മിഷന്‍ കോഴയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം ഉണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയ കാലത്ത് ചെയ്ത തെറ്റിനാണ് ശിവശങ്കര്‍ അറസ്റ്റിലായത്. സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങളും തങ്ങള്‍ ഏറ്റുപാടിയിട്ടില്ലെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.