മലപ്പുറത്തെയും മുസ്‌ലിം സമുദായത്തെയും അധിക്ഷേപിച്ചതിനാലാണ് വെള്ളാപ്പള്ളിയെ വിമർശിച്ചത്: കെ മുരളീധരൻ

single-img
18 January 2026

മലപ്പുറത്തെയും മുസ്‌ലിം സമുദായത്തെയും അധിക്ഷേപിച്ചതിനാലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. അത്തരം പരാമർശങ്ങൾ എസ്എൻഡിപിയുടെ തലപ്പത്ത് നിൽക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളിലൊന്നിനോടും യോജിപ്പില്ലെന്നും മുരളീധരൻ പറഞ്ഞു. സാമുദായിക നേതാക്കൾക്ക് സ്വന്തം സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമുണ്ടെങ്കിലും, അനാവശ്യമായി മറ്റ് സമുദായങ്ങളെ അധിക്ഷേപിക്കാൻ ഒരു സമുദായത്തിനും സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ ചെയ്താൽ വിമർശനം സ്വാഭാവികമാണെന്നും മുരളീധരൻ വ്യക്തമാക്കി.

വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസ് സൃഷ്ടിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയെ കണ്ടാൽ കൈകുലുക്കും, അഭിവാദ്യം ചെയ്യും, പക്ഷേ കാറിൽ കയറ്റില്ലെന്ന പരാമർശം നടത്തിയതത് ബിനോയ് വിശ്വമാണെന്നും, ബിനോയ് വിശ്വത്തെ ഈഴവവിരോധിയെന്ന് വിളിക്കാനാവില്ലല്ലോ എന്നും മുരളീധരൻ ചോദിച്ചു. വി.ഡി. സതീശൻ പറഞ്ഞപ്പോഴാണ് വിഷയം ജാതിവിവേചനത്തിലേക്ക് വഴിമാറിയതെന്നും അദ്ദേഹം വിമർശിച്ചു.

സമുദായ സംഘടനകൾ തമ്മിലുള്ള ഐക്യം സ്വാഗതാർഹമാണെന്നും, അത് സാമുദായിക സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും മുരളീധരൻ പറഞ്ഞു. സമുദായ നേതാക്കൾ പറയുന്നതനുസരിച്ച് വോട്ട് ചെയ്യുന്നവരല്ല സമുദായ അംഗങ്ങളെന്നും, എന്നാൽ നേതാക്കളെ അധിക്ഷേപിച്ചാൽ അത് അവർ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ കോൺഗ്രസിന് ഭയമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

മൂന്നാം തവണയും പിണറായി വിജയൻ അധികാരത്തിലെത്തുമെന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്ന നിലപാടിലേക്ക് മാറിയതിൽ നിന്നുതന്നെ അധികാരം ലഭിക്കില്ലെന്ന ബോധ്യമാണ് അദ്ദേഹത്തിനുണ്ടായതെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടി നിലപാടുകൾ രൂപപ്പെടുത്തുമ്പോൾ സമുദായ നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാന്തപുരത്തിന്റെ യാത്രയിൽ മാറാട് വിഷയം ഉന്നയിച്ച് കലാപാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്നും മുരളീധരൻ ആരോപിച്ചു. അതിന് പ്രതിപക്ഷ നേതാവ് യുക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാറാട് കലാപകാലത്ത് അവിടെ എത്തി ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കാൻ ധൈര്യം കാണിച്ചത് അന്നത്തെ മുഖ്യമന്ത്രിയായ എ.കെ. ആന്റണിയും മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമാണെന്നും, ഇന്ന് മുഖ്യമന്ത്രി ആയിരിക്കുന്ന പിണറായി വിജയന് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് മാറാട്ടിൽ കാലുകുത്താൻ പോലും കഴിയാതെ നാട്ടുകാർ കൂവിവിളിച്ചോടിച്ചതായും കെ. മുരളീധരൻ ആരോപിച്ചു.