ഭരണഘടന വിരുദ്ധ പ്രസംഗം;സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

single-img
8 December 2022

കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാനുള്ള ഇടപെടല്‍ വേണം എന്നുമാണ് ആവശ്യം. എന്നാല്‍ സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസെടുക്കാന്‍ കീഴ്വായ്പൂര്‍ പൊലീസിന് തിരുവല്ല കോടതി നിര്‍ദേശം നല്‍കിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയില്‍ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരന്‍.