വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്: രാഹുൽ ഗാന്ധി

single-img
19 January 2026

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കോൺഗ്രസിന്റെ മഹാപഞ്ചായത്ത് എറണാകുളം മെറൈൻ ഡ്രൈവിൽ നടന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരും വിജയിച്ചവരുമായ മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെയും അണിനിരത്തിയായിരുന്നു വിജയോത്സവം സംഘടിപ്പിച്ചത്.

കേന്ദ്രസർക്കാരിന്റെ നയങ്ങളെയും ആർഎസ്എസിനെയും ബിജെപിയെയും ശക്തമായി വിമർശിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. ഇന്ത്യയിലെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം തനിക്ക് ഏറെ വികാരബന്ധമുള്ള സംസ്ഥാനമാണെന്നും, കേരളത്തിന്റെ ഒരുമയും രാഷ്ട്രീയ ബോധവും ഇന്ത്യയിൽ മറ്റെവിടെയും കാണാനാകില്ലെന്നും രാഹുൽ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യുഡിഎഫിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സമ്മേളനത്തിൽ സംസാരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത വളർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.