പിരിച്ചുവിടൽ ഉത്തരവിനെതിരെ പ്രതികരണവുമായി യു. ഉമേഷ്; പൊലീസിന്റെ നടപടികൾ വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പ്

single-img
25 December 2025

പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന് (യു. ഉമേഷ്) പ്രതികരണവുമായി രംഗത്തെത്തി. പിരിച്ചുവിടൽ ഉത്തരവ് കൈമാറാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ നടപടികളെ രൂക്ഷമായി വിമർശിച്ചും, തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുമാണ് ഉമേഷ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

പത്തനംതിട്ട എസ്പിയുടെ പ്രത്യേക ദൂതൻ ഒരു ഫോൺ കോൾ പോലും ചെയ്യാതെയാണ് വീട്ടിലെത്തിയതെന്ന് ഉമേഷ് ആരോപിച്ചു. കള്ളനെ പിടിക്കാനെന്ന പോലെ വാഹനങ്ങൾ അകലെ നിർത്തി പതുങ്ങി എത്തി ബെല്ലടിച്ചുവെന്നും, വീട്ടിൽ താനില്ലെന്ന് അറിയിച്ചിട്ടും വിശ്വസിക്കാതെ അകത്ത് കയറാൻ ആവശ്യപ്പെട്ട് കാത്തിരുന്നുവെന്നും അദ്ദേഹം കുറിച്ചു. താൻ എത്തി ഉത്തരവ് കൈപ്പറ്റിയെങ്കിലും, ഉദ്യോഗസ്ഥർ മടങ്ങിയ ശേഷമാണ് അവരുടെ സാന്നിധ്യം വീട്ടിലുണ്ടാക്കിയ അസ്വസ്ഥതയെക്കുറിച്ച് വീട്ടിലുള്ളവർ പറഞ്ഞതെന്നും ഉമേഷ് വ്യക്തമാക്കി.

സ്ത്രീകൾ മാത്രമുള്ള പരിചയമില്ലാത്ത വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ പുരുഷന്മാരായ പൊലീസ് ഉദ്യോഗസ്ഥർ കുറഞ്ഞത് മര്യാദ പാലിക്കേണ്ടതുണ്ടെന്നും, ഒരു ഫോൺ കോൾ ചെയ്താൽ ഉത്തരവ് വാങ്ങാതെ ഒളിച്ചോടുന്ന പൊലീസുകാരനാണ് താനെന്ന ധാരണയിലാണെങ്കിൽ അതിൽ സഹതാപം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

താൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് പിരിച്ചുവിടൽ പ്രതീക്ഷിച്ചിരുന്നുവെന്നും, ഇന്നലെ മുതൽ താൻ സർവീസിൽ ഇല്ലെന്നും ഉമേഷ് കുറിച്ചു. അപ്പീൽ, കേസ് തുടങ്ങിയ നിയമനടപടികൾക്ക് ശേഷം മാത്രമേ വീണ്ടും പൊലീസുകാരനായി തിരിച്ചെത്താനാകൂവെന്നും, അതുവരെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. “അവസാനത്തെ വീഴ്ച വരെ നമ്മൾ പൊരുതും” എന്നായിരുന്നു ഉമേഷിന്റെ വാക്കുകൾ.

22 വർഷത്തെ പൊലീസ് ജീവിതമാണ് ഇതോടെ അവസാനിക്കുന്നതെന്നും, ഇനി ജീവിക്കാൻ എന്ത് ചെയ്യുമെന്ന ചോദ്യം മുന്നിലുണ്ടെന്നും ഉമേഷ് പറഞ്ഞു. ജനുവരി മുതൽ മറ്റൊരു തൊഴിൽ മേഖലയിലേക്ക് കടക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പിരിച്ചുവിടൽ ഉത്തരവിന് പിന്നാലെ ചിലർ തനിക്കെതിരെ ‘വർഗീയ ചാപ്പകുത്ത്’ നടത്തുന്നതായും, അത്തരം പ്രചാരണങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നും ഉമേഷ് കുറിപ്പിൽ വ്യക്തമാക്കി. രണ്ടായിരത്തോളം വരുന്ന ചിലരെയും അവരുടെ അനുയായികളെയും ഒഴികെ, ബാക്കി സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഈ പിരിച്ചുവിടലിന്റെ രാഷ്ട്രീയവും സ്വഭാവവും മനസ്സിലാക്കിയിട്ടുണ്ടെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.