ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ഓടിച്ച വാഹനം ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു

single-img
10 April 2023

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ഓടിച്ച വാഹനം ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു.

ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. അപകടത്തില്‍ ജോസ് കെ മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ ഇവര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടമുണ്ടായപ്പോള്‍, ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു. കാര്‍ ഡ്രൈവറുടെ പേരു പോലും രേഖപ്പെടുത്താതെയാണ് പൊലീസ് എഫ്‌ഐആര്‍ ഇട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ജോസ് കെ മാണിയുടെ മകനെ പ്രതി ചേര്‍ത്തത്.

തുടര്‍ന്ന് വാഹനാപകടത്തില്‍ ജോസ് കെ മാണിയുടെ മകന്‍ 19 കാരനായ കെ എം മാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതിനുശേഷം വിദ്യാര്‍ത്ഥിയായ കെ എം മാണിയെ ജാമ്യത്തില്‍ വിട്ടുവെന്ന് പൊലീസ് പറയുന്നു.