പാലായിൽ ഇതര സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഇടിച്ചത് കെഎസ്ആർടിസി മിന്നൽ ബസ്

single-img
20 May 2023

പാലാ കെഎസ്ആർടിസി ഡിപ്പോയുടെ സമീപം ഇതര സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇയാളെ ഇടിച്ചത് കെഎസ്ആർടിസിയുടെ മിന്നൽ ബസാണെന്ന് പാലാ പൊലീസ് കണ്ടെത്തി. അപകടത്തിന് കാരണമായ വാഹനം ഏതെന്ന് അറിയാഞ്ഞതിനെ തുടർന്ന് അമ്പതിലേറെ വാഹനങ്ങളിൽ ഫൊറൻസിക് പരിശോധന നടത്തിയിരുന്നു. അവസാനമാണ് പാലാ ഡിപ്പോയിലെ എടിസി 233 നമ്പർ മിന്നൽ ബസാണെന്ന് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്.

നിലവിൽ പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അപകടം നടന്ന വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശി മഹാലിംഗത്തിനെ പാലാ സ്റ്റാന്റിന് സമീപത്ത് വാഹനം ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതോ ഒരു വലിയ വാഹനമാണ് മഹാലിംഗത്തെ ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് പാലാ സ്റ്റാന്റിലേക്ക് വന്നതും സ്റ്റാന്റിൽ നിന്നും പോയതുമായ എല്ലാ ബസുകളിലും പരിശോധന നടത്തി. എന്നാൽ ആ സമയത്ത് കാസർകോടേക്ക് സർവ്വീസ് നടത്തിയ മിന്നൽ ബസിൽ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല.

ഈ ബസ് തിരികെ പാലാ ഡിപ്പോയിലെത്തിയ ശേഷം നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് ടയറിൽ രക്തത്തിന്റെ അംശം കണ്ടെത്തിയത്. ബസിന്റെ പിന്നിലുള്ള ടയറാണ് കയറിയത്. റോഡിൽ അശ്രദ്ധമായ നിലയിൽ കിടന്ന ആൾ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, ഇതാണ് അപകടത്തിലേക്ക് നയിച്ചത്