ദേശീയ പാര്‍ട്ടി പ്രഖ്യാപനം നാളെ; തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്

single-img
4 October 2022

തെലങ്കാനയില്‍ ജനങ്ങൾക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് രജനല ശ്രീഹരി. പാർട്ടി നാളെ ദേശീയ പാര്‍ട്ടിയായുള്ള പ്രഖ്യാപനം നടത്താനിരിക്കെയാണ് മദ്യ വിതരണ വിവാദം. സംസ്ഥാനത്തെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്കാണ് മദ്യവും കോഴിയും വിതരണം ചെയ്തത്.

ഇവിടേക്ക് ഏകദേശം 200 കുപ്പി മദ്യവും 200 കോഴികളേയുമാണ് വിതരണത്തിനായി എത്തിച്ചത്. സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി.രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്നു ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്ക് മദ്യവും കോഴിയും വിതരണം ചെയ്തത്. പ്രദേശത്തെ ഓരോ തെഴിലാളിക്കും ഒരു കുപ്പി മദ്യവും ഒരു കോഴിയും എന്ന കണക്കിലാണ് വിതരണം നടത്തിയത്.

മുഖ്യമന്ത്രി കെസിആര്‍ ദേശീയ പാര്‍ട്ടി അധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ഥിക്കുമെന്നും കെ സി ആര്‍ പ്രധാനമന്ത്രിയാകാനും കെ ടി ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകളും നടത്തിയെന്നുംശ്രീഹരി പറഞ്ഞു.