തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ; സ്വരാജിന്റെ ഹർജി തള്ളി; വിചിത്ര വിധിയെന്ന് സ്വരാജ്

single-img
11 April 2024

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നൽകിയ ഹർജിയാണ് തള്ളിയത്

തെര‍ഞ്ഞെടുപ്പ് സമയം വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പില്‍ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.

ഇത്തരത്തിൽ മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങൾ ഉൾപ്പെടെ തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

അതേസമയം കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ് വിശേഷിപ്പിച്ചു . ഹൈക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിധി മറിച്ചാണ് വന്നിരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. കേസ് വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല താന്‍ കാണുന്നതെന്നും ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നുനല്‍കുകയെന്നും സ്വരാജ് പറഞ്ഞു.

ഇത്തരത്തിൽ ഒരു വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നാളെ ഒരിക്കൽ വിശ്വാസികളായ ആളുകള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ലിപ്പില്‍ അച്ചടിച്ച് വീടുവീടാന്തരം കൊടുത്താലും അതൊന്നും കുഴപ്പമില്ലെന്ന തോന്നലാണ് ഈ വിധിയുണ്ടാക്കുകയെന്നും സ്വരാജ് പറഞ്ഞു.