കുട്ടികളോടൊപ്പം എത്തി കുടുംബം കള്ളുകുടിച്ചു; ഷാപ്പ് ഉടമയും അറസ്റ്റില്‍

single-img
27 April 2023

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മീനപ്പള്ളി ഷാപ്പില്‍ കുട്ടികള്‍ക്കൊപ്പം കുടുംബം എത്തി കള്ളുകുടിച്ച കേസില്‍ ഷാപ്പ് ഉടമയും അറസ്റ്റിലായി. കുട്ടനാട് റേഞ്ച് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാപ്പ് ഉടമ ചന്ദ്രബോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്.

കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് ഷാപ്പില്‍ മദ്യം നല്‍കിയതിന്റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി. സംഭവത്തിൽ നേരത്തെ ഷാപ്പിന്റെ മാനേജരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടുകൂടി ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി.

സംഭവത്തിൽ എക്‌സൈസിനെ കൂടാതെ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. തൃശൂർ ജില്ലയിൽ നിന്നുള്ള കുടുംബമാണ് കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ ഷാപ്പില്‍ എത്തിയത്. ഇവരുടെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച ആള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്