കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്

single-img
20 April 2023

ബെംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്.

ഇന്നലെ രാത്രിയോടെ ബിജെപിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. കേന്ദ്ര നേതൃത്വം സീറ്റ് നല്‍കില്ല എന്നുറപ്പിച്ച്‌ പറഞ്ഞതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയുടെ മകന്‍ കെ ഇ കാന്തേഷിന് ഇത്തവണയും സീറ്റില്ല. ശിവമൊഗ്ഗ സീറ്റില്‍ ലിംഗായത്ത് നേതാവായ എസ് എസ് ചന്ന ബസപ്പ മത്സരിക്കും. ജെഡിഎസ് ഇനി പത്ത് സീറ്റുകളിലേക്ക്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയാണ്. ഇന്നലെ കോണ്‍ഗ്രസ്സ് പുറത്ത് വിട്ട അഞ്ചാം സ്ഥാനാര്‍ഥി പട്ടികയില്‍ ബസവരാജ് ബൊമ്മൈയ്ക്ക് എതിരെയുള്ള സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നു. മുഹമ്മദ് യൂസഫ് സാവനൂരിന് പകരം യാസിര്‍ അഹമ്മദ് ഖാന്‍ പഠാനെ മത്സരിപ്പിക്കാനാണ് തീരുമാനം.

ഇതിനിടെ കോണ്‍ഗ്രസും ബിജെപിയും താരപ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് താരപ്രചാരകരില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയില്‍ ഇടം പിടിച്ചു.

മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ളവര്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ബ്രിട്ടീഷുകാരോട് പോരാടി വിജയിച്ച കിട്ടൂര്‍ റാണി ചെന്നമ്മയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നും വന്‍ റാലിയായിട്ടായിരുന്നു ബൊമ്മൈ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപും ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയും റാലിക്ക് നേതൃത്വം നല്‍കി. ഇന്നലെ 59 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചന്‍ഗുഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.