ന്യൂയോര്‍ക്കിൽ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

single-img
28 October 2022

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വെസ്റ്റേണ്‍ മസാച്യുസെറ്റ്സില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു.

പ്രേംകുമാര്‍ റെഡ്ഢി ഗോഡ(27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ബെര്‍ക്ഷിര്‍ ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസാച്യുസെറ്റ്സ് സംസ്ഥാന പൊലീസും പ്രാദേശിക പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ 5.30 ഓടുകൂടിയാണ് അപകടം നടന്നത്. എതിര്‍ ദിശയില്‍ വന്ന ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരായ മനോജ് റെഡ്ഢി ദോണ്ട(23), ശ്രീധര്‍ റെഡ്ഢി ചിന്തകുന്‍ത (22), വിജയ് റെഡ്ഢി ഗമ്മാല (23), ഹിമ ഐശ്വര്യ സിദ്ദിറെഡ്ഢി (22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി ബെര്‍ക്ഷിര്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

കാറിലുണ്ടായിരുന്ന ആറുപേര്‍ യൂനിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിലെയും ഒരാള്‍ സാക്രട്ട് ഹാര്‍ട് യൂനിവേഴ്സിറ്റിയിലെയും വിദ്യാര്‍ഥിയാണ്. ഇവരെ ഇടിച്ച വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 46 കാരനായ അര്‍മാന്‍ഡോ ബോട്ടിസ്റ്റ ക്രൂസ് എന്ന ഇയാളെ ഫെയര്‍ വ്യൂ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു.

അപകടംഒ ജണ്ടായ സാഹചര്യത്തെ കുറിച്ച്‌ അറിയുന്നവര്‍ പൊലീസില്‍ വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.