കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവർത്തന- സാമൂഹ്യ- കലാരം​ഗത്ത് ഒക്കെ പ്രവർത്തിക്കുന്നവർ പ്രതികരിക്കാൻ: ഇപി ജയരാജൻ

single-img
1 September 2023

സംസ്ഥാനത്തെ കലാരം​ഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്നും ഇ പി ജയരാജൻ പറഞ്ഞു. കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ഇപി ജയരാജന്റെ വാക്കുകൾ: ”കേന്ദ്ര​ഗവൺമെന്റ് നെല്ലുസംഭരണത്തിന് കൊടുക്കാനുള്ള സംഭരണവിലയിൽ 650 കോടി രൂപ കേരളത്തിന് തന്നിട്ടില്ല. യഥാർത്ഥത്തിൽ കൃഷിക്കാർക്ക് വാങ്ങുമ്പോൾ തന്നെ പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നത് പരമാർത്ഥമാണ്. പക്ഷേ ആ കൃഷിക്കാർക്ക് മുഴുവൻ കൊടുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലേ? അവരുടെ നെല്ല് മുഴുവൻ ​ഗവൺമെന്റ് സംഭരിക്കുന്നില്ലേ? കുറച്ച് കാലതാമസം വന്നിട്ടുണ്ടാകും, ആ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കി ശരിയായ നിലയിൽ പ്രതികരിക്കുകയാണ് വേണ്ടത്.

അടിമകളായി കഴിഞ്ഞു കൂടിയ കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയത്? ഇടതുപക്ഷ പ്രസ്ഥാനം നടത്തിയിട്ടുള്ള ഐതിഹാസികമായ സമരമാണ്. ആ കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവർത്തന രം​ഗത്ത് സാമൂഹ്യ രം​ഗത്ത് കലാരം​ഗത്ത് ഒക്കെ പ്രവർത്തിക്കുന്നവർ പ്രതികരിക്കാൻ. അവരുടെ പ്രസ്താവനകൾ ഇടതുപക്ഷവിരുദ്ധ മനോഭാവവും യുഡിഎഫ് അനുകൂല മനോഭാവവും ആർഎസ്എസ് അനുകൂല മനോഭാവവുമാണ് പ്രചരിപ്പിക്കുന്നത് എന്ന തോന്നലുണ്ടാക്കാതിരിക്കാൻ കലാസാംസ്കാരിക രം​ഗത്തുള്ളവർ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.”