കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന് ചികില്‍സ നല്‍കുന്നതില്‍ കാലതാമസമോ ചികില്‍സയില്‍ വീഴ്ചയോ സംഭവിച്ചിട്ടില്ല;ആരോഗ്യമന്ത്രി

single-img
17 January 2023

പത്തനംതിട്ട: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന് ചികില്‍സ നല്‍കുന്നതില്‍ കാലതാമസമോ ചികില്‍സയില്‍ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

കടുവയുടെ ആക്രമണം ഉണ്ടായ ശേഷം രണ്ട് മണിക്കൂറിനോട് അടുത്ത് 11.50ഓടെയാണ് തോമസിനെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ആ സമയം തന്നെ രക്തം ഒരുപാട് വാര്‍ന്നുപോയ നിലയിലായിരുന്നു.

ആശുപത്രിയിലുണ്ടായിരുന്ന സീനിയര്‍ സര്‍ജനും ഫിസിഷ്യനും അടക്കം തോമസിനെ പരിശോധിച്ചു. രക്തം വാര്‍ന്നുപോകുന്ന സാഹചര്യത്തില്‍ വാസ്കുലര്‍ സര്‍ജന്‍ കാണണമെന്ന് മനസിലാക്കിയാണ് തോമസിനെ സ്റ്റെബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

108 ആംബുലന്‍സിലാണ് തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. 108 ആംബുലന്‍സില്‍ പരിശീലനം ലഭിച്ച നഴ്സിന്‍റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

തോമസിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മികച്ച ചികില്‍സ കിട്ടിയില്ലെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും തോമസിന്‍റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഇയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം