പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ന് പ്രതിഷേധത്തിന് സാധ്യത

single-img
18 November 2022

കണ്ണൂ‍‍ര്‍ :പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യത.യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച്‌ നടത്തിയേക്കും.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.

ബിന്ദു പങ്കെടുക്കേണ്ട ഇന്നത്തെ പരിപാടി മാറ്റിവച്ചിരുന്നു.സംയോജിത ബിരുദാനന്തര ബിരുദ ദാന ചടങ്ങാണ് മാറ്റിവെച്ചത്.വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ വിസിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വീണ്ടും ദില്ലിയിലെത്തും. ഒഡീഷയിലുള്ള ഗവര്‍ണ്ണര്‍ വൈകീട്ടോടെ കേരള ഹൗസിലെത്തും. പ്രിയ വര്‍ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ മാധ്യമങ്ങളെ കണ്ടേക്കും. പ്രിയയുടെ
നിയമനത്തിനെതിരെ ഗവര്‍ണ്ണര്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയിരിക്കെ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഗവര്‍ണര്‍ക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. കെ സുധാകരന്റെ ആര്‍എസ്‌എസ് അനുകൂല പ്രസ്താവനകള്‍ യുഡിഎഫില്‍ ഉണ്ടാക്കിയ ഭിന്നത മുതലെടുക്കാനുള്ള തന്ത്രങ്ങളും സിപിഎം ചര്‍ച്ച ചെയ്യും.

ഇതിനിടെ സാങ്കേതിക സര്‍വകലാശാല താത്കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിസിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും,
സിസ തോമസിനെ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നു എന്നുമാണ് സര്‍ക്കാരിന്റെ വാദം.സര്‍ക്കാര്‍ ശുപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വി.സിയുടെ ചുമതല ഗവര്‍ണ്ണര്‍ നല്‍കിയത്.

ഹര്‍ജിയില്‍ ഗവര്‍ണരുടെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിസിയായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വ്യക്തികളുടെ യോഗ്യതാ വിവരം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.അഡീഷണല്‍ സെക്രട്ടറിക്ക് നിയമനം ചോദ്യംചെയ്ത് ഹര്‍ജി നല്‍കാന്‍ ആകില്ലെന്നാണ് സിസ തോമസ് ഹൈക്കോടതി അറിയിച്ചത്