ജഡ്ജിയില്ലാതെ വടകര കുടുംബകോടതി; കെട്ടിക്കിടക്കുന്നത് 2000 ത്തോളം കേസുകൾ


കോഴിക്കോട് : ജഡ്ജിയില്ലാതെ വടകര കുടുംബകോടതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. 2000 ത്തോളം കേസുകളാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്.
അടിയന്തര ഇടപടലാവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ട് കാലമേറെയായ യുവതി ജീവനാംശം കിട്ടാന്‍ ജഡ്ജി വരുന്നതും കാത്തിരിക്കുകയാണ്. പുതിയ ജീവിതത്തില്‍ ഉത്തരവാദിത്വമേറെയുണ്ടിവര്‍ക്ക്. മകളെ പഠിപ്പിക്കണം. പ്രായമായ മാതാപിതാക്കളെയും നോക്കണം. അങ്ങിനെ നൂറ് കൂട്ടം കാര്യങ്ങളുണ്ട്. കോടതി ജീവനാംശം വിധിച്ചെങ്കിലും അതിതുവരെ കിട്ടിയിട്ടില്ല. ജഡ്ജിയില്ലാത്തതിനാല്‍ നടപടികള്‍ വൈകുകയാണ്.
മെയ് 10നാണ് വടകര കുടുംബകോടതി ജഡ്ജി സ്ഥലം മാറി പോയത്. എട്ട് മാസമായിട്ടും പകരം നിയമനം നടന്നിട്ടില്ല. വിവാഹമോചന കേസുകളില്‍ തീരുമാനമാകാത്തതിനാല്‍ പുനര്‍വിവാഹ സാധ്യതകളും കുട്ടികളുടെ ചുമതലയുടെ കാര്യവുമെല്ലാം പ്രതിസന്ധിയിലാണ്. കോഴിക്കോട് കുടുംബകോടതി ജഡ്ജി ബുധനാഴ്ചകളില്‍ വടകരയിലെത്തി പ്രത്യേക സിറ്റിംഗ് നടത്തുന്നുണ്ട്. പരാതികള്‍ ഫയലില്‍ സ്വീകരിച്ച് മാറ്റിവയ്ക്കും. കോഴിക്കോട് കേസുകള്‍കൂടിയതോടെയായിരുന്നു മൂന്നുവര്‍ഷം മുമ്ബ് വടകരയില്‍, ജില്ലയിലെ രണ്ടാമത്തെ കുടുംബകോടതി സ്ഥാപിച്ചത്.