അരിക്കൊമ്ബന്‍ ദൗത്യത്തില്‍ ഇടപെടില്ലെന്ന സുപ്രീംകോടതി;സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും

single-img
18 April 2023

കൊച്ചി/പാലക്കാട് : അരിക്കൊമ്ബന്‍ ദൗത്യത്തില്‍ ഇടപെടില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും.

ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പറമ്ബിക്കുളത്തിന് പുറമെ മറ്റ് സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ ഉണ്ടെങ്കില്‍ അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. മൂന്ന് സ്ഥലങ്ങള്‍ കൂടി സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചേയ്ക്കും.

അനിശ്ചിതത്വങ്ങളുടെ ആനക്കഥയാണ് അരിക്കൊമ്ബന്‍്റെ ട്രാസ്ഫര്‍. ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച്‌ കോടനാട്ടെ കൂട്ടിലടയ്ക്കാന്‍ ആദ്യം തീരുമാനിച്ചു. ആനപ്രേമികള്‍ ഇടപെട്ടതോടെ, അരിക്കൊമ്ബന്‍ ഹൈക്കോടതി കയറി. വിദഗ്ധ സമിതി വന്നു. പറമ്ബിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഇതോടെ പറമ്ബിക്കുളം, നെല്ലിയാമ്ബതി, മുതലമട പ്രദേശങ്ങളില്‍ പ്രതിഷേധമുണ്ടായി. ആനയുടെ അരിപ്രേമം തന്നെയാണ് പറമ്ബിക്കുളത്തുകാരെ പേടിപ്പിക്കുന്നത്. പറമ്ബിക്കുളം നെല്ലിയാമ്ബതി മേഖലകളില്‍ നിരവധി ആനക്കൂട്ടമുണ്ട്. ഇവര്‍ പുതുതായി വരുന്ന അരിക്കൊമ്ബനെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. സുരക്ഷിത സ്ഥാനം തേടി, അരിക്കൊമ്ബന്‍ ജനവാസ മേഖലകളിലേക്ക് എത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

വാഴച്ചാലുമായി അതിരിടുന്ന മുതുവരചാലിലേക്ക് ആനയെ മറ്റാനായിരുന്നു പ്ലാന്‍. നാട്ടുകാരും നെന്മാറ എംഎല്‍എയും കോടതി കയറിയതോടെ, ഉചിതമായ സ്ഥലം സര്‍ക്കാരിന് തീരുമാനിക്കാം എന്നു കോടതി പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. വിദഗ്ദ്ധ സമിതി തീരുമാനത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ, ആശങ്ക പറമ്ബിക്കുളത്ത് തന്നെ. അല്ലെങ്കില്‍ തേക്കടിയോ മറ്റൊരു പുനരധിവാസ കേന്ദ്രമോ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കണം. ഇതുവരെ അങ്ങനെയൊരു ചര്‍ച്ച ഉണ്ടായില്ല എന്നതാണ് റിപ്പോര്‍ട്ടുകള്‍.