ലാവ്ലിന്‍ കേസ് നാളെ വീണ്ടും സുപ്രീം കോടതി പരിഗണിക്കും

single-img
23 April 2023

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്ലിന്‍ കേസ് നാളെ വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

കേസില്‍ ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരുടെ പുതിയ ബെഞ്ചും രൂപീകരിച്ചു. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. നാലാം നമ്ബര്‍ കോടതിയില്‍ 21 -മത്തെ കേസായിട്ടാണ് ലാവലിന്‍ കേസ് പരിഗണിക്കുന്നത്. പനിയെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തെക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം എല്‍ ജിഷ്ണു കത്തു നല്‍കി.

ഇത് അനുവദിക്കുമോയെന്നത് കേസ് പരിഗണിക്കുമ്ബോള്‍ മാത്രമേ അറിയാന്‍ കഴിയൂ. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നാളെയും വാദം തുടരുന്നതിനാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുമോയെന്നതിലും വ്യക്തതയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. 32 തവണയാണ് ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.