ഡോക്ടര്‍മാരുടെ സംഘടനകള്‍ കൂട്ടമായി പണിമുടക്കിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിച്ചു

single-img
17 March 2023

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ കൂട്ടമായി പണിമുടക്കിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിച്ചു.

മെഡിക്കല്‍ കോളജുകളില്‍ അടക്കം ഒപി മുടങ്ങിയതോടെ നൂറ് കണക്കിന് രോഗികള്‍ വലഞ്ഞു. വൈകിട്ട് ആറ് മണി വരെയാണ് സമരം.

ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സമരമെങ്കിലും വലഞ്ഞത് രോഗികളാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഡോക്ടറെ കാത്ത് രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടായി. ഐഎംഎ സംസ്ഥാന ഘടകം, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, സ്റ്റുഡന്റ്സ് യൂണിയനുകള്‍ എന്നിവരെല്ലാം പണിമുടക്കില്‍ അണിനിരന്നതോടെ ആരോഗ്യമേഖല അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. പണിമുടക്കിയ ഡോക്ടര്‍മാര്‍ എല്ലാ ജില്ലകളിലും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു.

പല ആശുപത്രികളിലും ചികിത്സ കിട്ടാതെ മിക്ക രോഗികളും മടങ്ങി. കോഴിക്കോട്ട് ദൂരെ സ്ഥലങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തിയ രോഗികള്‍ ആംബുലന്‍സുകളില്‍ ഏറെ നേരം കാത്തുകിടന്നു. സ്വകാര്യ ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്. പല സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. അത്യാഹിതം ഒഴികെയുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ എറണാകുളം ജില്ലയിലെ ഡോക്ടര്‍മാര്‍ കാക്കനാട് കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ഐഎംഎയുടെ നേതൃത്ത്വത്തിലായിരുന്നു ധര്‍ണ. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ലാബ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് ആറി മണി വരെയാണ് പ്രതിഷേധ ധര്‍ണ.