മമ്മുട്ടി ചിത്രം ക്രിസ്റ്റഫറിന്റെ ഷൂട്ടിം​ഗ് പൂര്‍ത്തിയായി

single-img
29 September 2022

ടന്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ‘ക്രിസ്റ്റഫര്‍’.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്‍ണന്‍ ആണ്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ക്രിസ്റ്റഫറിന്റെ ഷൂട്ടിം​ഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.

79 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിനാണ് ഇന്ന് പുലര്‍ച്ചെ 2 മണിക്ക് പാക്കപ് പറഞ്ഞിരിക്കുന്നതെന്ന് ബി ഉണ്ണികൃഷ്‍ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ‘ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഞങ്ങള്‍ ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. 79 ദിവസത്തെ ഷൂട്ട്. മമ്മൂക്ക 65 ദിവസം ക്രിസ്റ്റഫറിനൊപ്പം ഉണ്ടായിരുന്നു. നന്ദി, മമ്മൂക്ക. എന്റെ അഭിനേതാക്കള്‍ക്കും സംഘത്തിനും ഒരു വലിയ നന്ദി’, എന്നാണ് ഉണ്ണികൃഷ്ണന്‍ കുറിച്ചത്.

സെപ്റ്റംബര്‍ 23ന് ക്രിസ്റ്റഫറിന്റെ ഷൂട്ടിം​ഗ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. മമ്മൂട്ടിയോടൊപ്പം സിനിമ ചിത്രീകരിക്കുക എന്നത് ശരിക്കും മായികമായ അനുഭവമായിരുന്നുവെന്നാണ് അന്ന് സംവിധായകന്‍ കുറിച്ചിരുന്നത്. ‘ബയോഗ്രഫി ഓഫ് എ വിജിലാന്‍റെ കോപ്പ്’എന്നാണ് മമ്മൂട്ടി പൊലീസ് ഉദ്യോ​ഗസ്ഥനായി എത്തുന്ന ചിത്രത്തിന്റെ ടാ​ഗ് ​ലൈന്‍

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.