എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള കാര്യങ്ങളോർക്കുമ്പോൾ വരുന്ന സങ്കടം സിനിമയിലേക്കു പകരുമായിരുന്നു: മീര ജാസ്മിൻ

single-img
25 December 2023

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. വിവാഹത്തിന്റെ ദീർഘമായ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് മീര ജാസ്മിൻ. ക്വീൻ എലിസബത്താണ് ഉടൻതന്നെ മീര ജാസ്മിന്റേതായി പുറത്തിറങ്ങുന്ന സിനിമ. ഈ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരം. ഇപ്പോഴിതാ തന്റെ തുടക്കകാലത്തെ കുറിച്ചുള്ള മീരയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

‘ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആരംഭ കാലങ്ങളിൽ എനിക്കു കിട്ടിയ ഫൗണ്ടേഷനായിരിക്കണം. ലോഹിയങ്കിളിനെപ്പോലെ ഒരു മെന്റർ പറഞ്ഞു തരുന്ന കാര്യങ്ങൾ ഒരുപാടു ഗുണം ചെയ്തിട്ടുണ്ട്. ക്യാരക്ടറിന്റെ വികാരങ്ങളെപ്പറ്റിയൊക്കെ കൃത്യമായി പറഞ്ഞുതരും. എന്തു ചെയ്യുമ്പോഴും നാച്ചുറലായി ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാം. പക്ഷേ നമുക്ക് ജന്മനാൽ ദൈവം തരുന്ന ഒരു കഴിവുണ്ട്. അഭിനയിക്കുന്ന സമയം നമ്മുടെ മുഖം എങ്ങനെയിരിക്കുന്നു എന്നൊക്കെ ചിന്തിച്ചാൽ നമുക്ക് അഭിനയിക്കാൻ പറ്റില്ല. ഞാനങ്ങനെ പുസ്തകം വായിക്കുന്ന കൂട്ടത്തിലൊന്നുമല്ല.

മികച്ച രീതിയിലുള്ള ഭാവന ഉണ്ടാകാൻ ലോഹിയങ്കിൾ എന്നെ നിർബന്ധിച്ച് പുസ്തകങ്ങളൊക്കെ വായിപ്പിക്കുമായിരുന്നു. മാധവിക്കുട്ടിയുടെ കവിതകൾ കേൾപ്പിക്കുമായിരുന്നു. ഞാൻ ചെറുപ്പത്തിലേ വളരെ സെൻസിറ്റീവായിട്ടുള്ള കുട്ടിയായിരുന്നു. ഓരോ സിറ്റുവേഷനനുസരിച്ച് മൂഡ് മാറുമായിരുന്നു.

മഴ പെയ്യുന്ന സമയം ഒരു മൂഡ്, ചില പാട്ടുകളുടെ രാഗങ്ങൾ കേൾക്കുമ്പോൾ ഒരു മൂഡ്. അഭിനയിക്കുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. അറിയാതെ സംഭവിക്കുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള കാര്യങ്ങളോർക്കും. അപ്പോൾ വരുന്ന സങ്കടം സിനിമയിലേക്കു പകരും. അതായിരുന്നു പണ്ടെന്റെ രീതി. കുറച്ചു കഴിഞ്ഞപ്പോൾ ആ കഥാപാത്രം ഏത് അവസ്ഥയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കി ചെയ്യാൻ തുടങ്ങി.