ആദ്യ ഒന്നരമണിക്കൂറോളം മണിപ്പൂർ കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ല; ഒടുവിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

single-img
10 August 2023

മണിപ്പൂരിലെ വർഗീയ കലാപത്തിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. സംസ്ഥാനത്തെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണെന്നും സമാധാനം പുനസ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി.

എന്നാൽ, അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്ര സർക്കാരിന്റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയ‍ര്‍ത്തി.

മണിപ്പൂരിനെ കുറിച്ച് സംസാരിക്കൂ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. ഉടൻതന്നെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

ഇതിന് പിന്നാലെയാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ച‍ർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.