ആളുണ്ടെങ്കിലേ സംഘടന വലുതാകൂ;മുജാഹിദ് വിഭാഗത്തെ വെല്ലുവിളിച്ച്‌ കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെ ആദര്‍ശ സമ്മേളനം

single-img
9 January 2023

കോഴിക്കോട്: മുജാഹിദ് വിഭാഗത്തെ വെല്ലുവിളിച്ച്‌ കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെ ആദര്‍ശ സമ്മേളനം. പാണക്കാട് കുടുംബം യഥാര്‍ത്ഥ സുന്നികളാണെന്നും അവര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ സമസ്തയുടെ മേല്‍ കുതിരകയറേണ്ടെന്നും അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു.

ആളുണ്ടെങ്കിലേ സംഘടന വലുതാകൂ എന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കെഎന്‍എമ്മിന് എതിരെയാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശം. സമ്മേളനം വിജയിപ്പിക്കാന്‍ മാന്യമായ പ്രവര്‍ത്തനം നടത്തണം. പരിപാടി വിജയിക്കാത്തതിന് സമസ്തയുടെ മുകളില്‍ കുതിര കയറേണ്ട കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നേരത്തെ മുജാഹിദ് സമ്മേളനത്തിന് എതിരെ സമസ്ത രൂക്ഷമായി പ്രതികരിച്ചിരുന്നു. മുജാഹിദ് സംഘടനയായ കെഎന്‍എം ആയിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത്. മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത്.

ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്‍കി. സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുത്. തങ്ങള്‍മാരെ ക്ഷണിക്കാന്‍ മുജാഹിദ് വിഭാഗത്തിന് ധാര്‍മ്മിക അവകാശമില്ല. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളില്‍ സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ പങ്കെടുക്കരുതെന്നും സമസ്ത നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു