വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇടപെടുന്നു

single-img
30 November 2022

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇടപെടുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിഴിഞ്ഞം പൊലീസിനോട് എന്‍ഐഎ തേടി.

സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.

എന്‍ഐഎ സംഘം ഇന്ന് വിഴിഞ്ഞത്ത് എത്തുമെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖ ഉപരോധത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ അക്രമാസക്തമാകുകയായിരുന്നു.

സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും പൊലീസ് ജീപ്പ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 36 പൊലീസുകാര്‍ അടക്കം അമ്ബതിലേറെപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 3000 ലേറെപ്പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെയും ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുണ്ട്.