സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

single-img
4 September 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ – മധ്യ ജില്ലകളിലാണ് ഇന്നും കൂടുതൽ മഴ ലഭിക്കുക. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.

അതിനിടെ പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായി പെയ്യുന്നുണ്ട്. ജില്ലയുടെ കിഴക്കൻ വന മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയർ ,മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും തുറന്നു. ഗുരുനാഥൻ മണ്ണ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചിൽ ഉണ്ടായെന്നും വിവരമുണ്ട്. മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.