ട്രെയിന്‍ തീവെയ്പുകേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷണസംഘം

single-img
5 April 2023

എലത്തൂര്‍ ട്രെയിന്‍ തീവെയ്പുകേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷണസംഘം.

അക്രമത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം ഷഹറൂഖ് സെയ്ഫിനെ ചോദ്യം ചെയ്തു.ഗുജറാത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി ഷഹറൂഖ് സെയ്ഫി പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മുഖത്തും ശരീരത്തുമുണ്ടായ പൊള്ളലിന് ചികിത്സ തേടിയാണ് രത്‌നഗിരിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്. കൈവശമുണ്ടായിരുന്ന ഫോണ്‍ രത്‌നഗിരിയില്‍ വെച്ച്‌ ഓണാക്കിയതാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്താന്‍ സഹായമായത്.

പൊള്ളലിനു ചികിത്സ തേടി രത്നഗിരിയിലെ ആശുപത്രിയിലെത്തിയ ഇയാളെ, തുടര്‍ന്ന് ട്രെയിനില്‍ മടങ്ങാന്‍ ശ്രമിക്കുമ്ബോഴാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം മഹാരാഷ്ട്ര എടിഎസ് സ്ഥീരീകരിച്ചു. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

അതിനിടെ തീവെയ്പു കേസില്‍ പിടിയിലായ ഷഹറൂഖ് സെയ്ഫിയും ഹഷീന്‍ബാഗില്‍ നിന്നും കാണാതായ ഷഹറൂഖും ഒരാള്‍ തന്നെയെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥീരികരിച്ചതായി സൂചന. കേരള എടിഎസും ഡല്‍ഹി സ്‌പെഷല്‍ പൊലീസും ചേര്‍ന്നാണ് ഷഹീന്‍ബാഗില്‍ പരിശോധന നടത്തിയത്. രത്‌നഗിരിയില്‍ പിടിയിലായത് ഷഹറൂഖ് സെയ്ഫി തന്നെയാണെന്ന് ഫോട്ടോ കണ്ട് അമ്മയും തിരിച്ചറിഞ്ഞു.

ആറു ദിവസമായി സെയ്ഫിയെ കാണാതായിട്ടെന്നും, പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടെന്നും ഷഹറൂഖിന്റെ അമ്മ പറഞ്ഞു. ഇംഗ്ലീഷ് അറിയാമെന്നും, എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന് ഷഹറൂഖിന്റെ പിതാവ് വെളിപ്പെടുത്തി. ഫോണ്‍ വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടിയ കാര്യം കേന്ദ്ര റെയില്‍വേമന്ത്രിയും കേരള ഡിജിപിയും സ്ഥീരീകരിച്ചിരുന്നു.