വന്ദേഭാരത് ട്രെയിനിന് തിരുരില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

single-img
2 May 2023

കൊച്ചി: വന്ദേഭാരത് ട്രെയിനിന് തിരുരില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനമെടുക്കേണ്ടതെന്നും ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച്‌ സ്റ്റോപ്പ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും കോടതി പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയാണ് ഇത് സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. മലപ്പുറം ജില്ലയില്‍ വന്ദേഭാരതിന് സ്റ്റോപ്പില്ലെന്നും, നേരത്തെ തിരൂരില്‍ സ്റ്റോപ്പ് അുവദിക്കാന്‍ തീരുമാനിച്ചെങ്കിലും റെയില്‍വേ അതില്‍ നിന്ന് പിന്‍മാറുകയും ചെയ്‌തെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നത് റെയില്‍വേയുടെ പരമാധികാരമാണ്. സ്റ്റോപ് അനുവദിക്കുന്ന കാര്യത്തില്‍ പഠനം നടത്തിയ ശേഷമായിരിക്കും റെയില്‍വേ തീരുമാനം എടുത്തിട്ടുണ്ടാകുക. ഏതെങ്കിലും വ്യക്തികള്‍ തങ്ങള്‍ക്ക് താത്പര്യമുള്ള സ്ഥലങ്ങളില്‍ സ്റ്റോപ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കാനാകില്ലെന്നും വന്ദേഭാരത് ട്രെയിന്‍ എക്‌സ്പ്രസ് ഗണത്തില്‍പ്പെടുന്നതാണെന്നും ആവശ്യപ്പെടുന്ന ഇടത്തെല്ലാം സ്റ്റോപ്പ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.