ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി

single-img
30 November 2022

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി.

ഫയലില്‍ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റ നടപടി. നിയമസഭ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആക്ഷേപം.

അതേസമയം സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിയമസഭയില്‍ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ ബില്ല് അവതരിപ്പിക്കും. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാല്‍ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

ചാന്‍സലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാല്‍ ബില്ലിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണ്ട. സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികള്‍ക്കായി നാളെ രാവിലെ വീണ്ടും മന്ത്രിസഭ യോഗം ചേരും.