രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത് പുറത്ത്

single-img
21 November 2022

തിരുവനന്തപുരം: രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ അയച്ച കത്ത് പുറത്ത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2020 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കുടുംബശ്രീ വഴി നിയമിച്ച 20 പേരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെ ഗവര്‍ണര്‍ എതിര്‍ക്കുന്നതിനിടെയാണ് കത്ത് പുറത്തു വന്നിട്ടുള്ളത്.

സര്‍വകലാശാല നിയമന വിഷയത്തിലും ഗവര്‍ണറും സര്‍ക്കാരും ഏറ്റമുട്ടലിന്റെ പാതയിലാണ്. ഇതിനിടെയാണ് കത്ത് പുറത്തായിട്ടുള്ളത്. കുടുംബശ്രീ വഴി നിയമിതരായി രാജ്ഭവനില്‍ ജോലി ചെയ്യുന്ന 45 പേരില്‍ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ആളെ ആ തസ്തിക സൃഷ്ടിച്ച്‌ സ്ഥിരപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 2020 ഡിസംബര്‍ 29 നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച്‌ ഒരു ഫോട്ടോഗ്രാഫര്‍ക്ക്, അത്തരമൊരു തസ്തിക പുതുതായി സൃഷ്ടിച്ച്‌ രാജ്ഭവനില്‍ നിയമിച്ച്‌ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.