പൊലീസിനെതിരെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ കുടുംബം രംഗത്ത്


കോട്ടയം : പൊലീസിനെതിരെ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ കുടുംബം രംഗത്ത്.
രശ്മി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് പൊലീസ്, എഫ്‌ഐആറില്‍ രേഖപ്പെടുത്തിയില്ലെന്നും ശരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നുള്ള അവശതയെന്നാണ് എഫ്‌ഐആറിലുള്ളതെന്നും സഹോദരന്‍ വിഷ്ണു രാജ് ആരോപിച്ചു. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാന്‍ രശ്മിയുടെ ആന്തരാവയവങ്ങളുടെ രസപരിശോധന ഫലം വരണമെന്ന നിലപാടിലാണ് പൊലീസ്.
രശ്മി രാജ് കഴിഞ്ഞ മാസം 29നാണ് സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണെന്നിരിക്കെയാണ് ഭക്ഷ്യവിഷബാധയെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറാകാതിരുന്നതെന്നും കേസിലെ പൊലീസ് ഇടപെടല്‍ ദുരൂഹമാണെന്നും രശ്മിയുടെ കുടുംബം ആരോപിച്ചു.
അതേ സമയം, യുവതിയുടെ മരണത്തോടെ, ലൈസന്‍സില്ലാത്ത ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറെ നഗരസഭ സസ്പെന്‍ഡ് ചെയ്തു. കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍ എം ആര്‍ സാനുവിനെയാണ് നഗരസഭ ചെയര്‍പേഴ്സന്‍റെ ശുപാര്‍ശയില്‍ സസ്പെന്‍ഡ് ചെയ്തത്. ഒരു മാസം മുമ്ബും കോട്ടയം സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഹോട്ടലും അടുക്കളയും വ്യത്യസ്ത കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. അടുക്കള കെട്ടിടത്തിന് നഗരസഭ ലൈന്‍സസ് ഉണ്ടായിരുന്നില്ല. ക്രമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയിട്ടും ഹോട്ടലിന് തുടര്‍പ്രവര്‍ത്തന അനുമതി നല്‍കിയതിനാണ് സസ്പെന്‍ഷന്‍.