നടുറോഡിലെ ഡോക്ടർമാരുടെ സാഹസിക ചികിത്സയ്ക്കും രക്ഷിക്കാനായില്ല ; അപകടത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു

single-img
23 December 2025

നടുറോഡില്‍ ഡോക്ടര്‍മാര്‍ നടത്തിയ സാഹസിക ഇടപെടലിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഉദയംപേരൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ലിനു (36) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ലിനു സഞ്ചരിച്ചിരുന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്ക് ഗുരുതരമായതോടെ അതുവഴി എത്തിയ ഡോക്ടര്‍മാരായ ബി. മനൂപ്, തോമസ് പീറ്റര്‍, ദിദിയ കെ. തോമസ് എന്നിവര്‍ സമയം പാഴാക്കാതെ നടുറോഡില്‍ തന്നെ അടിയന്തര ചികിത്സ നല്‍കി. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ നടത്തിയ ഈ ഇടപെടലിലൂടെ ലിനുവിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചിരുന്നു.

യുവ ഡോക്ടര്‍മാരുടെ ഈ അസാധാരണ ശ്രമം കേരളക്കരയില്‍ വ്യാപക ശ്രദ്ധ നേടിയിരുന്നു. ഗവര്‍ണറും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ ഡോക്ടര്‍മാരെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ വെന്റിലേറ്ററില്‍ തുടരെയായിരുന്ന ലിനുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം അന്തരിച്ചത്.

തൃശൂരിലേക്ക് ജോലി ആവശ്യത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. ലിനുവിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.