ബ്രഹ്മപുരം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇന്ന് പ്രത്യേക പ്രസ്താവന നടത്തും

single-img
15 March 2023

ബ്രഹ്മപുരം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.ബ്രഹ്മപുരം വിവാദം കത്തിപ്പടര്‍ന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും പുറത്തും മൗനം തുടര്‍ന്നത് വലിയ വിവാദമായിരുന്നു.

പ്രശ്നത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

ബ്രഹ്മപുരത്തെ തീപിടുത്തത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും തരത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം.മാലിന്യ സംസ്കരണത്തിനുള്ള തുടര്‍ നടപടികളെ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ചു വിഷയത്തില്‍ പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.മുഖ്യമന്ത്രിയുടെ നിശബ്ദത ചര്‍ച്ചയാവുന്നതിനിടെയാണ്
ഇന്നത്തെ പ്രത്യേക പ്രസ്താവന.

അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും മേഖലയില്‍ ജാഗ്രത തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും പുക ഉയരാമെന്നാണ് വിദഗ്ധോപദേശം. ഫയര്‍ ഫൈറ്റിങ് യൂണിറ്റുകളും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നുണ്ട്. പുക മാറിനിന്നാല്‍ വരും ദിവസങ്ങളില്‍ അഗ്നിശമന സേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും.

ഇതിനിടെ ബ്രഹ്മപുരത്തെ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊളളിച്ച്‌ എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്