കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്; ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും

single-img
14 September 2023

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടർന്നാണിത്.

ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മൂന്ന് തുടർ വിചാരണ നടപടികൾക്കായാണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സംസ്ഥാന സർക്കാറായിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 11 ന് ശ്രീറാം നേരിട്ട് ഹാജരാകണം.