ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു

single-img
20 November 2022

കോട്ടയം: പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹവാശിഷ്ടങ്ങള്‍ കടവന്ത്ര പൊലീസ് എത്തിയാണ് പത്മത്തിന്റെ കുടുംബത്തിന് കൈമാറിയത്.

പത്മയുടെ മക്കളായ സേട്ടും സെല്‍വരാജും സഹോദരി പളനിയമ്മയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ഇന്ന് തന്നെ ധര്‍മ്മപുരിയിലേക്ക് കൊണ്ടുപോകുമെന്ന് പത്മയുടെ മകന്‍ ശെല്‍വരാജ് പറഞ്ഞു. വൈകുന്നേരം അവിടെ സംസ്‌കാരം നടത്തുമെന്നും വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് പത്മ തന്നെയെന്ന് വ്യക്തമായിരുന്നു.

മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്മയുടെ മകന്‍ മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് നല്‍കിയിരുന്നു. മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാല്‍ എല്ലാ ഭാഗങ്ങളുടേയും ഡിഎന്‍എ പരിശോധന പ്രത്യേകം പ്രത്യേകം ചെയ്യേണ്ടി വന്നു. ഇതാണ് കാലാതാസത്തിന് കാരണമായതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അതേസമയം ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം വിട്ടു നല്‍കിയിട്ടില്ല.

തമിഴ്നാട് സ്വദേശിനിയായ പത്മ ( 52) കൊച്ചി പൊന്നുരുന്നിയിലാണ് താമസിച്ചിരുന്നത്. കൊച്ചി ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു. സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. പത്മയുടെ തിരോധാനത്തിലെ അന്വേഷണമാണ് കേരളത്തെ നടുക്കിയ ഇരട്ടനരബലി പുറത്തുകൊണ്ടുവന്നത്.